വിള്ളലുകൾപൊള്ളിയടർന്ന ചുമരുകൾ
ഒരു നിമിഷമവളതിൽ നോക്കി.
തിരികെയാത്ര അനിവാര്യ-
മെങ്കിലും കൺമണികൾ തെന്നിനീങ്ങി
ഒന്ന് തിരിഞ്ഞു നോക്കുവാൻ;മനസ്സിൽ
പുച്ഛിക്കുവാൻ;
10വർഷം മുൻപൊരു ദുർവൃത്തൻ
കൊഴിച്ചുകളഞ്ഞ ബാല്ല്യം…
അക്രന്ദിതയാണവൾ...
ഉറഞ്ഞു കണ്ണീർമണികളവളുടെ
തളിർനെഞ്ചിനെ നോവിച്ചിരുന്നു .
എന്ത്? എവിടെയാണ് താനെന്നറിയാതെ
നിദ്രകൾ കനത്തിരുന്നു .അച്ഛനുമമ്മയും
അല്ലലില്ലാതെ പോറ്റിയെങ്കിലും
മനസ്സിന്നുള്ളറകൾ അടയ്ക്കപ്പെട്ടിരുന്നു.
തിരസ്ക്കാരം, പക, വിഷാദം ജ്വലിച്ച
വെയിൽപ്പൂവാണവൾ...
അച്ഛന്റെ അഗ്നിഹോത്രക്രിയാഹവിസ്സിൽ
ശാന്തിതേടിയമ്മയുമവളും
ഇഹലോകത്തിൽ ചതുപ്പു-
നിലങ്ങളുടെ കാവൽക്കാരുണ്ടെന്നും
ഹീനകൃത്യങ്ങളെന്തെന്നുമറിയാത്ത
കുഞ്ഞിതൾ പൂവായിരുന്നവൾ, ഇന്ദുമതി.
ഒരമാവാസി നാളിൽ അമ്മയുമച്ഛന്റെയുമ-
സ്സാന്നിധ്യത്തിലൊരു കരിന്തേളവളെ ദംശിച്ചു.
അതൊരു ഗണ്ഡാന്ത മുഹൂർത്തമായിരുന്നു.
സ്നേഹക്കടൽതിരകളിലവളെ താരാട്ടി
ദിനരാത്രങ്ങൾ സമമാക്കിയമ്മയുമച്ഛനും.
യൗവ്വനയുക്തയാം പെൺകുട്ടിയിന്നവൾ
അംഗാരകമണി വിളങ്ങിയ തങ്കമാലയണിഞ്ഞു ,
വർഷങ്ങൾ തൻ താപം ചുട്ടെടുത്ത കനൽത്തറയായ്
പവിത്രമായുടലും, മനസ്സും.
ദിക്കുകൾ ചിതറിയൊരടർക്കളത്തിലെന്ന-
പോലെവിടെയും ചില ചോദ്യശരങ്ങളവളെ
കുത്തി നോവിച്ചിരുന്നു....
യാത്രയാകാൻ, ദിക്കില്ലാതെ,
ദിശയില്ലാതെ, ഒന്നുമറിയാത്തവൾ
പുറപ്പെട്ടു; മൗനാനുവാദമേകിയമ്മ,
നാണയത്തുട്ടുകൾ കിഴികെട്ടിയവളുടെ
ദാവണിയിൽ ഭദ്രമാക്കി.....
മണിക്കൂറുകൾ മാറി, തളിർമേനിയുടഞ്ഞുവശായ്.
ഒരു കുഗ്രാമം; തമിഴ് പേശുമാളുകൾ
അവൾ പകച്ചില്ല യാത്ര; തുടർന്നു.
ഒന്ന് വിശ്രമിക്കുവാൻ ^^അംഗല്യത്തരുവിൻ തണലിൽ
കുത്തിയിരുപ്പായി; അങ്ങനെ മയങ്ങവേ
ഒരു വൃദ്ധയുടെ സ്വരമവളെയുണർത്തി.
ഒരു കൂടയിൽ നിന്നുമൊരു പാനീയമവൾക്കിറ്റിച്ചു
'അക്കാനി' എന്ന മധു,വൃദ്ധയുടെ പേശലിലവൾ
കേട്ടു; അവളെയും കൂട്ടി വൃദ്ധ തൻ കുടിൽ പൂകി
റാന്തൽ വിളക്കിൻ നേരിയ തെളിച്ചത്തിൽ
ഒരു അങ്കുരക്കട്ടിലിൽ നിശബ്ദനായ്
കണ്ണുകൾ തുറിച്ചു കിടക്കുന്നൊരാൾ.
വൃദ്ധയുടെ മകനാവാം; നിദ്രാമയക്കം
ഒരു നിശ്ചല രൂപം; നെറ്റിയിലെ തഴമ്പിലവളുടെ
കണ്ണുകളുടക്കി;"ഇത് തനിക്ക് പരിചിതമാണ്"
എൻ്റെ യാത്ര പൂർണ്ണമായ്. ഇതാണാ ചപലചിത്തൻ.
വർഷങ്ങൾതൻ കുതിരക്കുളമ്പടികൾ...
അരയിലൊരു ചുട്ടു പഴുപ്പിച്ച കത്തിയൊളിച്ചിരിക്കുന്നു .
അവളുടെ നിശ്വാസങ്ങൾക്കു വേഗതയേറി...
കൈ കത്തിയിലേക്കടുത്തു.
അന്നേരം, വൃദ്ധയുടെ തണുത്ത കരങ്ങളവളെ
തലോടി; എന്തിനോ താൻ തുനിഞ്ഞത് , അത് വിരാമമായി
വൃദ്ധ:"എൻ പേര് ജാനകി; ഇവനെൻ മകൻ, വർഷങ്ങൾ മുന്നാടി-
എങ്കയോ പോയ്..തിരുമ്പി വന്തതിങ്ങനെ .എതുവും തെരിയാതെ
ഒരേ നില താൻ."
വൃദ്ധയുടെ കൺതടങ്ങൾ നീർനിലച്ച ഗർത്തങ്ങൾ പോലെ.
വിള്ളലുകൾപൊള്ളിയടർന്ന ചുമരുകൾ...
താനെവിടെ? വീട്ടിലേക്കു മടങ്ങണം.
അമ്മയുടെ കരസ്പർശം വിയർപ്പിൽ
മുങ്ങിയ അവളെയുണർത്തി.
അമ്മ:'' ഇന്ദു, കുഞ്ഞേ, നിന്റെ ജ്വരം മാറി.
എന്റെ കുട്ടിയേതോ പേക്കിനാവ് കണ്ടുവോ?'
നീ രാത്രി പിച്ചും, പേയും പറഞ്ഞിരുന്നു.
രാത്രി നിൻ ചാരെ നില കൊണ്ടച്ഛനും ഞാനും".
ഇന്ദു: "അമ്മെ ഞാൻ അക്കാനി കുടിച്ചു,
ഒരമ്മയെയും, മകനെയും കണ്ടു".
അഗ്നിഹോത്രിയാം പിതാവവളുടെ മൂർദ്ധാവിൽ
കൈ വച്ചു മന്ത്രണം ചെയ്തു.
"ഇത് നിന്റെ നീതി. എന്റെ മകൾ
അക്ഷങ്ങൾ ത്രാണം ചെയ്തവൾ; നീയെൻ അഗ്നിപുത്രി!".
സംവത്സരങ്ങൾ മണിക്കൂറുകളായ്,
മഞ്ഞുകട്ടകളുരുകി
അശ്രുമഴയായ് പെയ്തിറങ്ങി....