വിളഞ്ഞും,വിളയാതെയു-
മസംഖ്യം വിത്തുകൾ!
വിത്തുകളാവരണം മാറ്റി,
മണ്ണോടു ചേർന്ന്,വേരുകളാ -
ലാഴ്ന്നിറങ്ങി,നാമ്പായ്
ചെടിയായ്,വന്മരമായ്
പൂവും, കായ്കളും, വർണ്ണ -
ദലങ്ങളുമുടയാടയാക്കി,
പ്രൗഢമായ് ഭൂവിനു തണലേകും !
ഇലകൾ, പൂക്കൾ,ഫലങ്ങൾ
എല്ലാം,കാലികമാം കാഴ്ചകൾ !
ഒന്ന് കൊഴിഞ്ഞാൽ മറ്റൊന്ന് വിടരും
തുടരുമീ പ്രഹേളിക, നിത്യവും.
ശാഖികൾ കാറ്റിലുലയും,
വാവൽ,അണ്ണാൻ ,പറവകൾ-
ഇത്യാദി ജൈവപ്രതീകങ്ങൾ -
ക്കാശ്രയമേകുമൊരു
ഗേഹമത്രേ ഈ, നന്മ മരം!
അന്ത്യനിശ്വാസം വരെ
പ്രാണോർജ്ജമാകും ഇന്ധനം
ഭൂവിൽ നിറയ്ക്കും, മരങ്ങൾ
സർവ്വവുമറിഞ്ഞിട്ടും, നിസ്വനായ്,
നിസ്വയായ്കാലപ്പകർച്ചകൾ
സ്വഹൃത്തിൻ മണിച്ചെപ്പിൽ
കൂർത്ത ലിപികളാലാലേഖനം ചെയ്‌വൂ.
പോയിട്ടില്ലൊരു പാഠശാലയിലും
എല്ലാം അമ്മയാം പ്രകൃതി
നൽകും നേരറിവുകൾ.
ഒരു നാൾ മരത്തിന്നുടലും ദ്രവിയ്ക്കും
അകാലമായ് മനുഷ്യർ
വെട്ടിയും മാറ്റി മറിച്ചേക്കാം !
ഒരു പരമാണുവിലുയിർക്കൊണ്ട
ജീവ തന്മാത്രാവാഹകർ നമ്മൾ!
മരങ്ങൾ കാട്ടുന്ന, പ്രകൃതി കാട്ടുന്ന -
സത്യം മറച്ച് ,മായാജാലക്കാരായ്
കൂത്താടിയുമൊടുവിൽ പുഴുവരിച്ച
ദേഹമായ് മണ്ണിൽ മറയുന്നു!
നടാം, മരത്തൈകൾ,നനയ്ക്കാം
തളിരിടുമ്പോൾ നറുപുഞ്ചിരിയേകാം.
വളരും മരങ്ങളെ കണ്ടു മനംനിറയ്ക്കാം
വനങ്ങൾ സൃഷ്ടിക്കാം,ഒപ്പം നാമും
വളരും,പടർന്നു പന്തലിക്കും
പുതുതലമുറയ്‌ക്കെങ്കിലും പ്രാണ-
വായുവേകാം ,വളർച്ചയെന്നും
തലയുയർത്തി മുകളിലേക്ക് മാത്രം!