Source: Chatgpt.com

യഥാർത്ഥ സംഭവം എന്നത് ഒന്നുകിൽ ആത്മകഥാംശമാവും അല്ലെങ്കിൽ നമ്മുടെ അടുത്ത ആർക്കെങ്കിലും സംഭവിച്ച കാര്യങ്ങളാവും. ഇവിടെ ഞാൻ എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെ കുറിക്കട്ടെ. ഒരു നാൽപത് കൊല്ലം മുൻപ് ഞങ്ങളുടെ ജീവിതത്തിൽ നടന്ന കഥ, അല്ല നടന്ന സംഭവം.

ഞങ്ങൾ, ഞാനും എന്റെ ഭർത്താവും, സ്നേഹിച്ചാണ് വിവാഹം കഴിച്ചത്. അതും രണ്ടു കുടുംബങ്ങളുടെയും സമ്മതമില്ലാതെ. പ്രണയത്തിന്റെ ആവേശത്തള്ളലിൽ കുടുംബക്കാരുടെയോ സമൂഹത്തിന്റെയോ സഹായമില്ലാതെ ഒന്നിച്ച് ജീവിക്കുന്നത് വലിയൊരു പ്രശ്നമായിരിക്കുമെന്നൊന്നും ഞങ്ങൾ ഓർത്തതേയില്ല. രണ്ടുപേരുടെയും ഭക്ഷണരീതികളോ ജീവിതശൈലികളോ ഒന്നിനെപ്പറ്റിയും ഞങ്ങൾ രണ്ടാളും ചിന്തിച്ചുപോലുമില്ല. എല്ലാവരെയും എതിർത്തുകൊണ്ടുള്ള ജീവിതം തികഞ്ഞ സന്തോഷത്തോടെ ജീവിച്ചുവെങ്കിലും ഒരുപാട് പ്രശ്നങ്ങൾ ഞങ്ങൾക്കിടയിലേക്ക് വന്നു. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം തന്നെയായിരുന്നു ഒന്നാമത്തെ കാരണം. അതിനെപ്പറ്റി മാത്രം ഞാൻ ഇപ്പോൾ പറയട്ടെ. എന്തായാലും തികഞ്ഞ സസ്യഭുക്കായ ഞാനും ഒരു മുഴുനീള മാംസഭുക്കായ എന്റെ ഭർത്താവും ഒന്നിച്ചൊരു ജീവിതം ആരംഭിച്ചതിന് ശേഷമാണ് നമ്മുടെ ഭക്ഷണരീതി വലിയൊരു പ്രശ്നമായി തീരുമെന്ന തിരിച്ചറിവിലേക്ക് ഞാൻ എത്തിയത്.

ഉള്ളി, വെളുത്തുള്ളി എന്നിവയൊക്കെ താമസിക ഭക്ഷണവും വർജ്യവുമായി കരുതിയിരുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് എന്റെ ജനനം. സ്വാഭാവികമായും ഇതിന്റെയൊക്കെയും മണവും കുത്തുന്ന മസാലകളുടെ മണവും ഒന്നും എനിക്ക് ഒട്ടും തന്നെ സഹനീയമായിരുന്നില്ല. അതേ സമയം എന്റെ ഭർത്താവിന്റെ വീട്ടിലാകട്ടെ, ദിവസവും എന്നോണം ഇരുന്നൂറ് രൂപയ്ക്കും മുന്നൂറ് രൂപയ്ക്കും മത്സ്യ-മാംസാദികൾ വാങ്ങുന്ന കാലം. (ഒരു നാൽപത് കൊല്ലം മുൻപത്തെ കഥയാണിത്.) ഭക്ഷണരീതികളിൽ ഇത്രയും വൈരുദ്ധ്യമുള്ള രണ്ടു കുടുംബങ്ങളിൽ നിന്നുള്ള ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തീരുമാനമെടുത്തപ്പോൾ ഈ ഭക്ഷണക്കാര്യങ്ങൾ ചിന്തിച്ചതേയില്ല. അല്ലെങ്കിൽ ഞങ്ങളുടെ ജീവിതത്തിൽ ഭക്ഷണത്തിന് പ്രാധാന്യം കൊടുത്തതേയില്ല. തിളച്ചുമറിയുന്ന പ്രണയത്തിന് മുൻപിൽ ഇത്തരം കാര്യങ്ങൾക്ക് എന്തു പ്രസക്തി!

പ്രണയവിവാഹങ്ങൾക്ക് അന്നത്തെ സമൂഹവും കുടുംബങ്ങളും വീട്ടുകാരും ഒക്കെ എതിരായതുകൊണ്ട് ഞങ്ങൾ ഒരു ചെറിയ വീട് വാടകയ്ക്കെടുത്ത് താമസമായി. വൈദ്യുതി പോലുമില്ലാത്ത വാടകവീട്ടിൽ, ജീവിതത്തിൽ അന്നുവരെ അനുഭവിക്കാത്ത കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒന്നും ഞങ്ങൾക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. വിറകടുപ്പിൽ ചോറും കഞ്ഞിയുമൊക്കെ വെച്ച്, അമ്മിക്കല്ലിൽ ചമ്മന്തി ഉണ്ടാക്കി, ഒരു പാത്രത്തിൽ തന്നെ ഉണ്ട് (കൈയിൽ കാശില്ലാത്തതിനാൽ ഒരു പാത്രമേ ഉണ്ടായിരുന്നുള്ളൂ), അങ്ങനെ ഞങ്ങൾ സന്തോഷത്തോടെ ജീവിതം തുടങ്ങി.

ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് തോന്നി, ഒരു കറിയും തോരനും ഒക്കെ ഉണ്ടാക്കിയാലോ എന്ന്. പാചകത്തിൽ വലിയ അനുഭവപരിചയം ഒന്നും ഇല്ലാത്ത എനിക്ക് ഉണ്ടാക്കാൻ എളുപ്പം പയറുതോരനും സാമ്പാറുമാണ്. സാമ്പാർപൊടി വാങ്ങാൻ കിട്ടും. പയർ ആണെങ്കിൽ മുറിച്ച് കഷണങ്ങളാക്കാൻ വളരെ എളുപ്പം. ഉടൻ കടലാസെടുത്ത് വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി ഭർത്താവിനെ ഏൽപ്പിച്ചു. സഞ്ചിയും പണവും എടുത്തുപോയ ആളെയും കാത്ത് ഞാനും ഇരിപ്പായി.

അരമണിക്കൂർ കഴിഞ്ഞപ്പോൾ അതാ വരുന്നു സഞ്ചി നിറയെ പച്ചക്കറികളുമായി. സഞ്ചി തുറന്ന ഞാൻ കണ്ടതോ, പയർ മാത്രമല്ല, ബീൻസ്, പട്ടാണിപ്പയർ, അവരയ്ക്ക, കൊത്തമര തുടങ്ങി എല്ലാത്തരം പയർവർഗങ്ങളും. അക്ഷരാർത്ഥത്തിൽ ഞെട്ടിയ ഞാൻ മുഖം ഉയർത്തി നോക്കിയപ്പോൾ, ഒരു നിഷ്കളങ്ക മുഖവുമായി ഭർത്താവ്, “എടോ, പയർ ഏതാണെന്ന് എനിക്കറിയില്ല. ഇതിൽ ഏതാണെന്ന് വെച്ചാൽ നീ എടുത്ത് തോരൻ വെച്ചോ.” എന്തു ചെയ്യും?

അങ്ങിനെയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. കല്യാണം വരെ മത്സ്യ-മാംസാദികൾ മാത്രം കഴിച്ചുവന്നിരുന്ന ഭർത്താവിന് പഴയ ഭക്ഷണ ഓർമകൾ പലപ്പോഴും വരും. ഒരു ദിവസം ഉച്ചയ്ക്ക് നല്ല അവിയലും കൂട്ടി ഊണ് കഴിക്കുമ്പോഴാണ് അത്തരം ഒരു ഓർമയുടെ വരവ്. അമ്മയുടെ ഭക്ഷണരുചികളെപ്പറ്റി പറയാൻ തുടങ്ങിയാൽ നിർത്താതെ സംസാരിക്കുന്ന ആളാണ് അദ്ദേഹം. “എടോ, എന്റെ അമ്മ ഒരു ആകോലിക്കറി വെക്കും. എന്തൊരു സ്വാദാണെന്നോ അതിന്. മീൻ ആദ്യം കഷണങ്ങളായി മുറിക്കും.” മീനിനെപ്പറ്റി കേൾക്കുമ്പോഴേ അറപ്പുള്ള എന്നോടാണ് ഈ വിവരണം. ഞാനാണെങ്കിൽ ആരെന്തു പറയുമ്പോഴും അതൊക്കെ എങ്ങിനെയായിരിക്കുമെന്ന് മനസ്സിൽ സങ്കൽപ്പിക്കുന്ന ആൾ. എന്റെ വായിൽ കിടക്കുന്ന അവിയൽ ഇറക്കാൻ പറ്റാതെ തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്നു. മൂപ്പർ നിർത്തുന്നില്ല. “ഉപ്പും മുളകും മഞ്ഞളും ചേർത്ത് ഞെരടിയെടുത്ത് അതിൽ ഈ മീൻകഷണങ്ങൾ ഓരോന്നായി എടുത്തുവെക്കും.” വിവരണം കേട്ട് ഭക്ഷണം കഴിക്കാൻ പറ്റാതെ ഞാനും. മതി, മതി എന്ന് ഞാൻ വിലക്കാൻ നോക്കിയിട്ടും അദ്ദേഹം അമ്മയുടെ മീൻകറി മനസ്സുകൊണ്ട് ആസ്വദിച്ചുകൊണ്ട് തുടരുക തന്നെയാണ്. “പുളിവെള്ളം തിളക്കുമ്പോൾ മീൻ എടുത്ത് ആ വെള്ളത്തിലേക്ക്...” ഇനിയും സഹിക്കാൻ പറ്റില്ലെന്നായപ്പോൾ ഞാൻ കഴിച്ച ചോറും അവിയലും എല്ലാം കൂടി അതാ പുറത്തേക്ക്... ‘ഭുവ്വ, ഭുവ്വ’ എന്ന എന്റെ ഛർദിയുടെ ശബ്ദമാണ് അദ്ദേഹത്തെ സ്വപ്നലോകത്തിൽ നിന്ന് ഈ ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. വളരെ കാലങ്ങൾക്ക് ശേഷം ‘സസ്നേഹം’ എന്ന Sasneham സിനിമയിൽ ഏതാണ്ട് ഇതേപോലൊരു രംഗം കണ്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്.

എത്രകാലം ഇങ്ങനെ ഭക്ഷണക്കാര്യത്തിൽ അക്കരെയും ഇക്കരെയും നിൽക്കും എന്ന ചിന്തയിൽ ഞങ്ങൾ രണ്ടുപേരും ഒരു വിട്ടുവീഴ്ചയിലെത്തി. മത്സ്യം കൊണ്ട് അച്ചാർ ഉണ്ടാക്കി വെച്ച് അത് കൂട്ടി ചോറ് കഴിച്ച് അദ്ദേഹം തൃപ്തനാവാൻ തുടങ്ങി. പതുക്കെ പതുക്കെ കോഴിമുട്ട പൊരിച്ചും കഴിച്ചും ഞാനും മാറാൻ തുടങ്ങി. കാലക്രമേണ ഞാനും ഒരു മാംസഭുക്ക് ആവുകയും ഭർത്താവ് സസ്യഭക്ഷണം ഇഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ എത്തിച്ചേർന്നു.ഭക്ഷണത്തിലുള്ള ഈ അജഗജാന്തര വ്യത്യാസം ഞങ്ങളുടെ സ്നേഹബന്ധത്തെ ഒട്ടും തന്നെ ബാധിച്ചില്ല എന്നത് അഭിമാനത്തോടെയും അത്ഭുതത്തോടെയും ഞാൻ ഇന്ന് ഓർക്കുന്നു. ഞങ്ങളെ എല്ലാവിധത്തിലും പിന്തുണച്ചിരുന്ന ഞങ്ങളുടെ കൂട്ടുകാർ തന്നെ ഞങ്ങളുടെ രണ്ടുപേരുടെയും മാറ്റത്തിന്റെ പേരിൽ ഒരുപാട് അഭിനന്ദിച്ചിട്ടുണ്ട്.

കല്യാണം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്കൊരു ആൺകുട്ടി ഉണ്ടായി. അപ്പോഴേക്കും ഭർത്താവിന്റെ വീട്ടുകാരുമായി സമരസപ്പെട്ടതിനാൽ അവൻ വളർന്നതും അച്ഛന്റെ വീട്ടുകാരുടെ കൂടെ. സ്വാഭാവികമായും അവനും ഭക്ഷണക്കാര്യത്തിൽ അച്ഛന്റെ വീട്ടുകാരെപ്പോലെ സസ്യഭക്ഷണം ഇഷ്ടമല്ലാത്ത കൂട്ടത്തിൽ. ചെറുപ്പത്തിൽ അവന് കഴിക്കാൻ കോഴിമുട്ട വാങ്ങിക്കൊണ്ടുവരാൻ പറയുന്നത് ഇന്നും ഞാൻ ഓർക്കുന്നു. മുട്ട എന്ന് കേട്ടാലുടൻ മോന് മുട്ട കഴിക്കണം. അപ്പോൾ ഞാൻ ‘എഗ്’ വാങ്ങിവരൂ എന്ന് പറയാൻ തുടങ്ങി. അതും മോൻ പെട്ടെന്ന് മനസ്സിലാക്കി. അതുകൊണ്ട് ഒരു ദിവസം ഞാൻ എഗ്ഗിന്റെ സ്പെല്ലിംഗ് പറയാൻ തുടങ്ങി. ‘ഇ ജി ജി’ എന്ന് പറഞ്ഞിട്ടൊന്നും ഭർത്താവിന് മനസ്സിലാവുന്നില്ല. “എന്താ വാങ്ങേണ്ടത്?” എന്ന് ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. മോൻ അടുത്തുള്ളത് കൊണ്ട് എനിക്ക് വ്യക്തമായി കോഴിമുട്ട വാങ്ങിവരണം എന്നും പറയാൻ പറ്റുന്നില്ല. കുറേ നേരം ഞാൻ ആംഗ്യഭാഷയും ‘ഇ ജി ജി’യും ഒക്കെ പറഞ്ഞുനോക്കി. അച്ഛന് മനസ്സിലായില്ല എന്ന് കണ്ട മോൻ ഉടനെ, “അച്ഛാ, അമ്മ കോഴിമുട്ട വാങ്ങിവരാനാ പറയുന്നത്.” ഇളിഭ്യരായ ഞങ്ങൾ പരസ്പരം നോക്കി ചിരിക്കയല്ലാതെ എന്ത് പറയാൻ! മോന് രണ്ടു മൂന്ന് വയസ്സുള്ളപ്പോൾ ഇടയ്ക്ക് എന്റെ വീട്ടിൽ കൊണ്ടാക്കാറുണ്ട്. എനിക്ക് ജോലിക്ക് പോകാനുള്ളത് കൊണ്ട് കുട്ടിയെ നോക്കാൻ ആരും ഇല്ല എന്നൊക്കെ കാരണം പറഞ്ഞാണ് എന്റെ വീട്ടിൽ ആക്കുക. അങ്ങനെ അങ്ങനെ മകളുടെ കുട്ടിയെ കണ്ടെങ്കിലും എന്റെ വീട്ടുകാർ ഞങ്ങളോട് സമരസപ്പെടട്ടെ എന്ന് എന്റെ ഭർത്താവ് കരുതിയതാണ് മുഖ്യ കാരണം. മോനെ കൊണ്ടാക്കുമ്പോൾ എന്റെ അമ്മ അവന് വഴുതനങ്ങ നേർമയിൽ മുറിച്ച് മസാല പുരട്ടി വറുത്തെടുത്ത് കൊടുക്കുമായിരുന്നത്രേ. ഉപ്പും എരിവും ഒക്കെ ഉള്ള മത്സ്യം കഴിച്ചു ശീലിച്ചതല്ലേ. വറുത്ത മീൻ കഴിച്ചോ മോനേ?” എന്ന് അമ്മ പറയുമ്പോൾ അവൻ ഉത്തരം പറയുമായിരുന്നത്രേ. “ഇതിന് നല്ല സ്വാദ് ഒക്കെ ഉണ്ട്. പക്ഷേ ഇത് മീനല്ല. മീനിന് ഇതിനെക്കാൾ സ്വാദ് ഉണ്ട്.”

വർഷങ്ങൾ കഴിഞ്ഞു, മോന് പത്ത്, പന്ത്രണ്ട് വയസ്സായി. ഈ കാലയളവിൽ എന്റെ വീട്ടുകാരുമായും ഞങ്ങൾ സമരസപ്പെട്ടുകഴിഞ്ഞിരുന്നു. ആ സമയത്ത് എന്റെ അമ്മയ്ക്ക് ദേഹസുഖമില്ലാതെയായി. അമ്മയാണെങ്കിൽ, ഏട്ടന്റെ കൂടെ ചെന്നൈയിലും. സുഖമില്ലാത്തപ്പോൾ കാണുന്നത്, എനിക്കും അമ്മയ്ക്കും ഒരേപോലെ ആശ്വാസവും സന്തോഷവും കിട്ടുന്ന കാര്യമായതിനാൽ ഞങ്ങൾ ഇടയ്ക്കിടെ ചെന്നൈ പോകുമായിരുന്നു. മോൻ ആണെങ്കിൽ ചെന്നൈ പോകുന്നതിൽ പരം സന്തോഷം വേറെയില്ല. എന്റെ ഏട്ടന്റെ മക്കളും അവനും സമപ്രായം. വികൃതി കളിച്ചു നടക്കാം. എന്റെ അമ്മ പറഞ്ഞുകൊടുക്കുന്ന കഥകൾ കേൾക്കാം. ഇടയ്ക്കൊക്കെ അവന്റെ മാമൻ മറീന ബീച്ചിൽ കൊണ്ടുപോകും. അമ്മായിക്ക് ആണെങ്കിൽ അവരുടെ മക്കളെക്കാളും പ്രിയം എന്റെ മോനോട്. അവന് ആനന്ദലബ്ധിക്കിനി എന്തു വേണം... ഒരിക്കൽ പോയപ്പോൾ അവന് അവിടെത്തന്നെ കുറച്ചു ദിവസം നിൽക്കണം. സ്കൂൾ അവധിക്കാലമായതുകൊണ്ട് മോനെ അവിടെ നിർത്താൻ ഏട്ടനും മോഹം. ഫോൺ ഒന്നും ഇത്രയും പ്രചാരത്തിൽ ഇല്ലാത്ത കാലം, രണ്ടാഴ്ചയോളം മോനെ കാണാതെ ഇരിക്കണം. എന്തായാലും എല്ലാവരുടെയും ആഗ്രഹമല്ലേ എന്ന് കരുതി അവനെ ചെന്നൈയിൽ വിട്ടിട്ട് ഞങ്ങൾ നാട്ടിലേക്ക് തിരിച്ചുപോന്നു.

രണ്ടാഴ്ച കഴിഞ്ഞ് ചെന്നൈയിൽ ഞങ്ങൾ വീണ്ടും എത്തിയപ്പോഴാണ് പുകിൽ. മോന് അതിഭയങ്കരമായ വയറിളക്കം. ഡോക്ടറെ കാണിച്ചിട്ടൊന്നും കുറയുന്നില്ല. കഞ്ഞിവെള്ളവും ഓ.ആർ.എസ്. ലായനിയും കുടിച്ച് അവൻ മടുത്തു. കളിക്കാനും പറ്റുന്നില്ല. ഏട്ടന്റെ മക്കളുടെ കളിയാക്കൽ വേറെ. അവനെ ഇങ്ങനെ വയ്യാത്ത നിലയിൽ കണ്ടപ്പോൾ എനിക്കാണെങ്കിൽ ഭയങ്കര സങ്കടം. എന്റെ ഭർത്താവ് മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയിരുന്നതുകൊണ്ട് കുറെയൊക്കെ മരുന്നുകളെപ്പറ്റി അറിയാം. അവൻ കഴിക്കുന്ന മരുന്നുകളെയൊക്കെ അവലോകനം ചെയ്ത് അദ്ദേഹം ഒരു പത്ത്, പതിനഞ്ചു മിനിറ്റ് ഇരുന്നു. അത് കഴിഞ്ഞപ്പോൾ എന്തോ തീരുമാനിച്ചുറച്ചതുപോലെ മോനെയും കൂട്ടി പുറത്തേക്ക് ഒരു പോക്ക്. എങ്ങോട്ടാ എന്ന ചോദ്യത്തിന് മറുപടി ഒന്നും ഇല്ലാതെ.

കുറച്ചു കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ മോൻ നല്ല സന്തോഷത്തിൽ. വാടിയ മുഖമൊക്കെ നല്ല തെളിച്ചം വെച്ചതുപോലെ. അവൻ സ്വകാര്യമായി എന്നോട് പറഞ്ഞു: “അച്ഛൻ എനിക്ക് പൊറോട്ടയും ഇറച്ചിയും വാങ്ങിത്തന്നു അമ്മാ”. കേട്ട എനിക്ക് വന്ന ഒരു ദേഷ്യം. വയറിളക്കം പിടിച്ചവനാണോ പൊറോട്ട വാങ്ങിക്കൊടുത്തത്? പോരാത്തതിന് ഇറച്ചിയും. എന്റെ ചീത്തവിളിയും ബഹളവും കേട്ട എന്റെ ഏട്ടനും അമ്മയും ഒക്കെ എന്റെ ഭാഗം ചേർന്ന് ഭർത്താവിനെ കുറ്റം പറയാൻ തുടങ്ങി.

ഭർത്താവിനാണെങ്കിൽ ഒരു കുലുക്കവും ഇല്ല. ബാക്കിയുള്ളവരോടൊക്കെ ഒന്ന് ചിരിച്ചിട്ട് എന്നോട് മാത്രം പറഞ്ഞു: “നീ നോക്കിക്കോ, അവന്റെ വയറിളക്കം ഇനി ഉണ്ടാവില്ല. ഒരു മണിക്കൂറിനകം അവൻ പഴയതുപോലെ കളിയും ചിരിയുമായി ഊർജസ്വലനാവും.” പറഞ്ഞതുപോലെ തന്നെ ഒരു മണിക്കൂറിനുള്ളിൽ മോൻ ഉഷാറായി. അമ്മയ്ക്ക് എന്നാലും ഒരു ആകാംക്ഷ. മരുന്നൊക്കെ കഴിച്ചിട്ടും മാറാത്ത അസുഖം എങ്ങനെ പൊറോട്ട കഴിച്ചിട്ട് മാറി? ഉടൻ വന്നു അദ്ദേഹത്തിന്റെ ഉത്തരം: “ജനിച്ചത് മുതൽ സസ്യേതര ഭക്ഷണവുമായി ക്രമീകരിച്ചുപോയതാണ് മോന്റെ വയറും ദഹനേന്ദ്രിയങ്ങളും. അതുകൊണ്ടുതന്നെ രണ്ടാഴ്ച വെറും പച്ചക്കറി മാത്രം കഴിച്ചപ്പോൾ അവന്റെ ശരീരം പ്രതികരിച്ചതാണ്. പൊറോട്ടയും ഇറച്ചിയും കൂടി വയറ്റിലെത്തിയപ്പോൾ പഴയതുപോലെ ആയി, അത്രയേയുള്ളൂ.” അമ്മയുടെയും ഏട്ടന്റെയും ഒക്കെ ശകാരം കുറെ കേട്ടെങ്കിലും മോന്റെ ആരോഗ്യം ശരിയാവുകയും അവൻ പഴയതുപോലെ കുറുമ്പ് കാട്ടി ഓടിനടക്കുകയും ചെയ്തപ്പോൾ എനിക്ക് സന്തോഷമായി. മക്കളുടെ കാര്യത്തിൽ അമ്മയ്ക്കുള്ളതുപോലെ തന്നെ അച്ഛനും ഉൽക്കണ്ഠയും ശ്രദ്ധയും ഉണ്ടാവുമെന്ന പാഠം അന്ന് പഠിക്കുകയും ചെയ്തു.

ഇന്ന് ഈ ജീവിതസായാഹ്നത്തിൽ പഴയ കഥകൾ ഓർത്തു ചിരിക്കുമ്പോൾ കിട്ടുന്ന സന്തോഷം വാക്കുകളിലും അക്ഷരങ്ങളിലും ഒതുങ്ങില്ല. സ്നേഹിച്ച് വിവാഹം കഴിച്ചു എന്ന ഒരൊറ്റ കാരണത്താൽ വീട്ടുകാരും സമൂഹവും ഒറ്റപ്പെടുത്തിയിട്ടും എല്ലാ കാര്യങ്ങളിലും പരസ്പരം സഹകരിച്ചും വിട്ടുകൊടുത്തും ഞങ്ങൾ, ഞങ്ങളുടെ ജീവിതം വിജയകരമായി തന്നെ സന്തോഷിച്ചു ജീവിച്ചു. വെറും ഭക്ഷണക്കാര്യങ്ങളിൽ ഉണ്ടായ തമാശകലർന്ന ജീവിതാനുഭവങ്ങൾ മാത്രമാണ് ഞാൻ ഇവിടെ പങ്കുവെച്ചത്. ചെറിയ ചെറിയ കാര്യങ്ങളിൽ ബന്ധം പിരിയാൻ ഒരുങ്ങുന്ന ഇന്നത്തെ നവതലമുറയ്ക്ക് ഇതിലെ പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

.    .    .