Image by PDPics from Pixabay

ഇന്ന് പാർക്കിൽ ഊഞ്ഞാലിൽ നിന്നും കൊച്ചുമോൾ വീണു, വേദന എന്ന് പറഞ്ഞു കരഞ്ഞപ്പോളാണ് വേദന എന്ന വാക്കിനെ പറ്റി ഞാൻ ചിന്തിക്കാൻ തുടങ്ങിയത്. ഒരു ജീവിതകാലത്തിൽ എന്തെന്തു വേദനകളാണ് നമ്മൾ അനുഭവിക്കുന്നത്! ജനിച്ചു വീഴുമ്പോൾ തന്നെ, വാക്സിനേഷൻ എന്ന പേരിൽ കൊള്ളേണ്ടി വരുന്ന എത്രയെത്ര കുത്തുകൾ! ജിജ്ഞാസയോടെ എന്തെങ്കിലും നോക്കാൻ ശ്രമിക്കുമ്പോൾ "എന്തൊരു വികൃതിയാണ് നിനക്ക്" എന്ന് പറഞ്ഞു കിട്ടുന്ന അടികൾ! ചെറുതും വലുതുമായ വീഴ്ചകളുടെ വേദനകൾ ....

ശാരീരികമായ വേദനകളിൽ ഏറ്റവും വലുത് എതാണാവോ? കിഡ്നി സ്റ്റോൺ വന്നതിൻ്റെ വേദനയിൽ പിടഞ്ഞു കളിച്ചിരുന്നഎൻ്റെ ഭർത്താവ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ആണുങ്ങളുടെ പ്രസവ വേദനയാണത്രേ സ്റ്റോൺ മൂലം അനുഭവിക്കേണ്ടി വരുന്ന വേദന. എന്നാൽ പല്ലുവേദന വന്നവർ അവകാശപ്പെടുന്നത് ,"എല്ലാ വേദനയും പല്ലുമേ താങ്ങാം,പല്ലിൻ്റെ വേദന എന്തുമ്മേ താങ്ങും."എന്നാണ്. നമുക്കുണ്ടാവുന്ന ഏത് വേദനയും നമുക്ക് വലുതാണ്. തല വേദനയായാലും,വയറു വേദന ആയാലും നമുക്ക് അത് സഹിക്കാൻ പറ്റാത്തത് തന്നെ. പണ്ടു കാലത്ത് ക്യാൻസറിൻ്റെ വേദന രോഗി അറിയാതിരിക്കാൻ കറപ്പ് എന്ന ലഹരി മരുന്ന് കൊടുത്ത് മയക്കി കിടത്താറുണ്ടായിരുന്നത്രെ.

ശരീരത്തിൻ്റെ വേദനകൾക്ക് മരുന്നുകളിൽ കൂടി കുറച്ചെങ്കിലും ആശ്വാസം കിട്ടുമെന്ന് കരുതാം. മനസ്സിൻ്റെ വേദനകൾക്കോ? ഓർമ വെച്ച നാൾ തൊട്ട് എന്തെങ്കിലും ഒരു പ്രശ്നം നമ്മളെ വിഷമിപ്പിക്കാത്ത ഒരു ദിനമെങ്കിലും നമ്മുടെ ആരുടെയെങ്കിലും ജീവിതത്തിൽ ഉണ്ടോ? കുഞ്ഞുനാളിൽ അമ്മയുടെ, അല്ലെങ്കിൽ ടീച്ചറുടെ അടികൾ. കുട്ടികളുടെ നന്മക്കാണ് അടിക്കുന്നതെങ്കിലും, അവരുടെ മനസ്സിൽ ഉണ്ടാവുന്ന വേദനയെ കുറിച്ച് നമ്മൾ ആരും ചിന്തിക്കാറ് പോലും ഇല്ല. സ്കൂളിൽ പോയി തുടങ്ങുമ്പോൾ നന്നായി പഠിച്ചില്ലെങ്കിൽ ടീച്ചർമാരുടെ ചീത്ത. നന്നായി പഠിച്ചാലോ, ഓ അവനൊരു പഠിപ്പിസ്റ്റ്, എന്ന് കൂട്ടത്തിൽ ചേർക്കാതെ കൂട്ടുകാരുടെ ഒറ്റപ്പെടുത്തൽ. യൗവനം ആകുമ്പോഴേ ക്കും എത്രയെത്ര പ്രലോഭനങ്ങൾ, അതിലൊന്നും പെട്ട് പോകാതിരിക്കാൻ അനുഭവിക്കുന്ന മാനസിക വ്യഥകൾ. ജോലി,കുട്ടികൾ,വീട്. കുട്ടികളുടെ വിദ്യാഭ്യാസം,അവരുടെ ജോലി,കല്യാണം ഇങ്ങനെ എത്ര എത്ര എത്ര കടമ്പകൾ! സന്തോഷത്തോടെ തന്നെ നമ്മൾ ചെയ്യുന്ന കടമകൾ. പക്ഷേ ഇതിലോരോന്നിലും ചിലപ്പോഴെങ്കിലും ഉണ്ടാവുന്ന നിരാശകൾ , നമ്മുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും വിരുദ്ധമായി സംഭവിക്കുമ്പോൾ, അത് സ്വീകരിക്കാൻ നമ്മുടെ മനസ്സ് പെടുന്ന പാട്. ഇതൊക്കെയും അതിജീവിച്ച് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു, കാര്യമായിട്ട് ഒന്നും തന്നെ ചെയ്യാനില്ലാതെ ഇരിക്കുമ്പോൾ മനസ്സിൽ വരുന്ന നെഗറ്റീവ് ചിന്തകൾ ...അതിനെ ഒക്കെ വേദന എന്ന് പേരിൽ വിളിക്കാമോ എന്ന് എനിക്കറിയില്ല. ഇന്ന് ഈ ജീവിതത്തിൻ്റെ സായന്തനത്തിൽ എത്തി നിൽക്കുന്ന എനിക്ക് അന്നൊക്കെ എന്നും എന്തെങ്കിലും പ്രശ്നങ്ങൾ മാനസിക പിരിമുറുക്കം ഉണ്ടാക്കുമായിരുന്നു .

മാനസിക പിരിമുറുക്കവും, മനോ വേദനയും തമ്മിൽ എന്താണ് വ്യത്യാസം? ശരീരത്തിൽ എവിടെ വേദന വരുന്നതിനു മുൻപും ആ ഭാഗത്ത് ഒരു തരം അസ്വാസ്ഥ്യം അനുഭവപ്പെടാറുണ്ട്.അത് പോലെ തന്നെയാണ് മനസ്സും. ഈ പിരിമുറുക്കങ്ങൾ കൂടിയാൽ അത് ഹൃദയ സംബന്ധമായ രോഗങ്ങളിലേക്ക് വഴി തിരിക്കും. ഹൃദയ രോഗങ്ങൾ മൂലം മരിക്കുന്ന ആളുകളുടെ എണ്ണം ഓരോ വർഷവും കൂടി കൂടി വരുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. അത് ജീവിത ശൈലി മാറിയത് കൊണ്ടാണോ, അതോ ഈ മാനസിക പിരിമുറുക്കങ്ങൾ താങ്ങാൻ പറ്റാഞ്ഞിട്ടോ?

ശരീരത്തിനും മനസ്സിനും വേദ നയുണ്ടാവുമെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ ബുദ്ധിക്കുണ്ടാവുന്ന വേദനയെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പത്ത് മുപ്പത് കൊല്ലം ജോലി ചെയ്തതിനു ശേഷം വിരമിച്ചു ,ഒന്നും ചെയ്യാൻ ഇല്ലാതെ, ടെലിവിഷൻ സീരിയലുകളിൽ ശരണം പ്രാപിക്കുമ്പോൾ , എപ്പോഴും എനിക്ക് തോന്നിയ കാര്യമാണ് , ഞാൻ ഇങ്ങനെ സമയം ഒരു പ്രയോജനവും ഇല്ലാതെ നഷ്ടപ്പെടുത്തുന്നല്ലോ എന്ന്. ഇത്രയും കാലം വെറും ശമ്പളത്തിന് മാത്രമല്ലാതെ ശരീരവും മനസ്സും ബുദ്ധിയും മുഴുവൻ ജോലിക്ക് വേണ്ടി സമർപ്പിച്ച് രാവിലെ മുതൽ വൈകുന്നേരം വരെ അധ്വാനിച്ചിരുന്ന നമ്മൾ, ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഒന്നുമേ അല്ലാതാവുകയാണ്. വിരമിച്ചു കഴിഞ്ഞാൽ പിന്നെ മാനേജരും, ക്ലാർക്കും, പ്യൂണും,എല്ലാവരും ഒന്ന് പോലെ തന്നെ. ഒരിക്കൽ ,തന്നെ മുഴുവനായി ജോലിക്ക് വേണ്ടി സമർപ്പിച്ചവനും ഒന്നും ചെയ്യാതെ തിരിഞ്ഞു കളിച്ചു ശമ്പളം വാങ്ങിയവനും ഒന്ന് തന്നെ. ഇത്ര കാലം ഓടി നടന്നു ജോലി ചെയ്തതല്ലേ ,ഇനിയുള്ള കാലം വിശ്രമിക്കൂ എന്ന് മറ്റുള്ളവർ പറയുമ്പോൾ ഇനി എൻ്റെ ബുദ്ധിയും കഴിവും ആർക്കും ആവശ്യമില്ല എന്ന തിരിച്ചറിവ് പോലെ വേദനാജനകമായ മറ്റൊന്നില്ല എന്നാണ് എൻ്റെ അഭിപ്രായം .

ശരീര വേദനകൾക്ക് നമുക്ക് സർവസാധാരണമായ പരാസെറ്റമോൾ മുതൽ മോർഫിൻ വരെ ഉപയോഗിക്കാറുണ്ട്. ഒരു നല്ല പരിധി വരെ അത് നമ്മുടെ വേദനകൾ കുറ ക്കാറും ഉണ്ട്എന്നാൽ മനസ്സിൻ്റെ വേദനകൾ ചുരുളി പോലെ ആണ് . എന്തൊക്കെ ചെയ്താലും വീണ്ടും കറങ്ങി തിരിഞ്ഞു നമ്മളിലേക്ക് തന്നെ അത് തിരിച്ചെത്തും. പാട്ട്,സിനിമ, പൂന്തോട്ടം, വായന,ധ്യാനം ഇവയൊക്കെയാണ് നമ്മുടെ സങ്കടം മാറ്റുന്നവയായി സാധാരണ പറയാറുള്ളത്. പക്ഷേ പാട്ട് കേൾക്കുമ്പോൾ അതിലെ ചില വരികളെങ്കിലും നമ്മളെ പഴയ സങ്കടങ്ങൾ ഓർമിപ്പിക്കാറില്ലെ ? ബാക്കി എല്ലാം അങ്ങനെ തന്നെ. കുറച്ചു നേരം എല്ലാം മറന്ന് നമ്മൾ ഇരിക്കും,അത് കഴിഞ്ഞാൽ വീണ്ടും തിരിച്ചു നമ്മുടെ മാത്രമായ വേദനകളിലേക്ക്.. സുഡോകു , ക്രോസ്‌വേഡ് തുടങ്ങിയവ മനസ്സും ബുദ്ധിയും ഒരേ പോലെ പ്രവർത്തിക്കാൻ ഉദകുന്ന കളികളാണ്.

ഇപ്പോളിപ്പോൾ സ്കൂൾ ,കോളജ് കൂട്ടുകാരുടെ കൂട്ടായ്മകൾ ഒരുപാട് ഉണ്ട്. വലിയ ഒരു പരിധി വരെ അത് സന്തോഷജനകം തന്നെ ആണ്. പഴയ കാലവും അതിലെ കുസൃതികളും ഒക്കെ ഓർത്ത് സ്വയം ചിരിക്കുമ്പോൾ അക്കാലത്തിലേക്ക് മടങ്ങുന്ന നമ്മൾ എല്ലാം മറന്ന് സുഹൃത്തുക്കളോട് ഒപ്പം നമ്മുടെ സങ്കടങ്ങളും സന്തോഷങ്ങളും പങ്ക് വെക്കാൻ ഒരുങ്ങുകയാണ്.

എന്തായാലും എല്ലാവരുടെയും എല്ലാ വേദനകളും മാറി, സന്തോഷവും സുഖവും മാത്രമുള്ള ഒരു ജീവിതം നമുക്ക് സ്വപ്നം കാണാം. സ്വപ്നങ്ങൾ വിജയത്തിൻ്റെ ആദ്യത്തെ ചവിട്ട് പടി ആണെന്നാണല്ലോ ചൊല്ല്.

.    .    .

Discus