പാതിരായ്ക്ക് കോഴി കൂവുമ്പോൾ
ഉണരുന്നവന്റെ ഭ്രാന്തുകൾക്ക്
കോമാളിയുടെ ചായത്തേക്കാൾ ചേരുക
ആദ്യമായി ഒന്നരയുടുക്കുന്ന കൗമാരക്കാരിയുടെ
കൗതുകം നിറഞ്ഞ സൂക്ഷ്‌മതയാണ്..
അക്ഷരമാല പഠിച്ചുകഴിഞ്ഞും
‘അ’യും ‘മ’യും ചേർത്തെഴുതാൻ മറന്നുപോയവൻ
എപ്പോഴുമെന്നപോലെയപ്പോഴും ഊറിച്ചിരിക്കും.
ചേർത്തെഴുത്തിൽ ‘മ’യുടെ ഇരട്ടിപ്പ്
വീണ്ടും മറക്കുവാനുള്ളതായിരിക്കണമെന്ന്
അവനെപ്പോഴേ ഉറപ്പിച്ചതാവണം..
അടഞ്ഞ വാതിലനപ്പുറം
വെളിച്ചമോ ഇരുട്ടോയെന്നറിയാതെ
ശബ്ദങ്ങൾ കേട്ടുതുടങ്ങും, ചിതറിയവയെങ്കിലും
കാഴ്ചകൾ കണ്ടുതുടങ്ങും, മങ്ങിയവയെങ്കിലും..
മുലപ്പാൽ തിങ്ങിനിറഞ്ഞ
അമ്മയുടെ മാറിടം വിങ്ങുന്നത്,
ദാഹിച്ചുദാഹിച്ച് തൊണ്ട കീറുമ്പോൾ
നങ്ങേലിപ്പുഴ കരയുന്നത്,
ഒടുവിലെ ചിറകടികൾക്ക് തൊട്ടുമുമ്പ്
മഴപ്പാറ്റകൾ പൊട്ടിച്ചിരിച്ചുസംസാരിക്കുന്നത്,
വരിഞ്ഞുകെട്ടിയ കയറിന്നറ്റത്തെ
ഉണങ്ങിയുറഞ്ഞുപോയ ചോരച്ചാലിലൂടെ
പഴുപ്പ് സ്വാതന്ത്ര്യം നേടുന്നത്,
കുന്നിനപ്പുറത്തെ താഴ്‌വാരത്തിന്റെ
വസന്തസൗരഭ്യങ്ങളുടെ കഥകേട്ട് പറന്നെത്തിയ
മരംകൊത്തി കബളിപ്പിക്കപ്പെട്ടത്..
ആദ്യകാഴ്ചയിലോ ശബ്ദത്തിലോ
ഒന്നൊന്നിനോടും കൂട്ടിമുട്ടാതാവുമ്പോൾ
കിടന്നിരുന്ന മുറിയുടെ ഉത്തരം ചിരിച്ചുതുടങ്ങും..
പൊടുന്നനെ;
കാഴ്ച്ചകൾ തെളിയുന്നു,
ശബ്ദങ്ങൾ തിരിയുന്നു.
പിന്നെ;
അവശേഷിച്ച പാമ്പുകൾ ഇണചേരുന്നു,
മരണമെത്തിയിട്ടും ഉറുമ്പുകൾ
മണൽക്കൂടുകൾ കെട്ടിക്കൊണ്ടിരിക്കുന്നു,
നാളെ വരാനാവില്ലെന്നറിഞ്ഞിട്ടും
പച്ചപ്പക്കി ഭാഗ്യവുമായെത്തുന്നു,
കുറ്റിച്ചെടികൾക്കിടയിൽ ചെമ്പോത്ത് മറഞ്ഞിരുന്ന്
കാലനുനേർക്ക് ചോരക്കണ്ണുകൾ ഉരുട്ടുന്നു,
നിലവിളിക്ക് തൊട്ടുമുമ്പ് ഓലഞ്ഞാലിക്കിളി
പിന്നാമ്പുറത്തെ കരിഞ്ഞുണങ്ങിയ തെങ്ങിൽ
വന്നിരുന്ന് കരഞ്ഞുകൊണ്ട് പാടുന്നു,
ഇരട്ടവാലൻ ചിലയ്ക്കുന്നതിനൊപ്പം അണ്ണാറക്കണ്ണനും
പാതിതിന്ന കൊക്കോക്കായ വിട്ട് തൊണ്ടയനക്കുന്നു,
ജലദോഷത്തിനുത്തമം എന്നുപറഞ്ഞ്
കാക്ക തന്റെ കരള് പറിച്ചുതരുന്നു,
തൂവൽ ശേഖരണബുക്കിൽ അണ്ണാന്റെ വാലുകണ്ട
മോളിക്കുട്ടി ടീച്ചറിന്റെ നെറ്റി ചുളിയുന്നു,
കൂർത്ത നഖത്തിന്റെ പോറലുകൾ വീണ
അകംതൊടയിൽ കണക്കുമാഷക്കങ്ങൾ നിരത്തുന്നു,
ആദ്യപ്രണയം കണ്ടുപിടിച്ച ബയോളജി ടീച്ചർ
പ്രാക്ടിക്കൽ പരീക്ഷയ്ക്ക് മുഴുവൻ മാർക്കും തരുന്നു,
ശീതീകരിച്ച മുറിയിൽ ഒരാളൊറ്റയ്ക്ക്
വിയർത്തുകുളിച്ച് കൂർക്കം വലിക്കുന്നു..
പെട്ടെന്ന്;
ഒരു നീണ്ടനൂൽ തടയുന്നു.
അറ്റമില്ലാത്ത, ഉറപ്പെത്രയെന്ന് നിശ്ചയമില്ലാത്ത,
ഉറവിടമേതെന്നറിയാത്ത ഒരു കറുത്തനൂൽ..
കയറിത്തുടങ്ങുകയായി;
സ്വപ്നങ്ങൾ പിറവികൊണ്ടിടത്തേക്ക്,
മഴയുടെ ആത്മാവുറങ്ങുന്നിടത്തേക്ക്,
നിലാവിന്റെ ആദ്യാക്ഷരങ്ങളിലേക്ക്..
അപ്പോൾ;
ഋതുക്കൾ കെട്ടിത്തൂങ്ങും
കാലങ്ങൾ തലയണയ്ക്കടിയിലൊളിക്കും
അടിവയറ്റിൽനിന്ന് പുളിപ്പുതികട്ടി
വാകീറി പുറത്തേക്കുചാടിയോടും
കാർക്കിച്ചുതുപ്പിയ മുലപ്പാലിൽ
ചോണനുറുമ്പുകൾ വരിനില്ക്കും
വാലുമുറിഞ്ഞ പല്ലി, ചിലയ്ക്കാൻ മറന്ന്
എങ്ങോട്ടെന്നറിയാതെ പായും
കിടക്കപ്പായയുടെ അരികുകൾ
പാറ്റകൾ തിന്നുതുടങ്ങും
ഘടികാരത്തിലെ നിമിഷസൂചി
പന്ത്രണ്ടെത്തുന്നതിന് തൊട്ടുമുമ്പ്
പക്ഷാഘാതം പിടിപെട്ട് കിടക്കും
വിണ്ടുകീറിയ ചുവരിലൂടെ
മഞ്ഞുതുള്ളികൾ ഒഴുകിയിറങ്ങി
നിലംതൊട്ട് തലതല്ലിക്കരയും..
അങ്ങനെ;
ഈ നിമിഷത്തിന്റെ രാജകുമാരൻ
കൗമാരക്കാരിയെവിട്ട് കോമാളിയാകുന്നു
വെറുമൊരു ഭ്രാന്തൻ മാത്രമാകുന്നു
താഴേക്കുരുളുന്ന കല്ലിലേക്കുനോക്കി
കൈകൊട്ടി ചിരിക്കുമ്പോൾ
നീണ്ടുവന്ന കരിമ്പടം വിഴുങ്ങുന്നു
ഒറ്റവരി മാത്രമുള്ള ക്യാൻവാസിൽ
നാളെയെങ്കിലും മറ്റൊരു വരി
കൂട്ടിച്ചേർക്കണമെന്നുപദേശിച്ച് ഉറക്കം
അതിന്റെ പരിണാമം പൂർത്തിയാക്കുന്നു..
കോഴി കൂവുന്നു,
കരിമ്പടം മറ്റുന്നു,
ഒരു കള്ളച്ചിരിയോടെ എണീക്കുന്നു..