Source: Seliz Ergin Gizep on Pexels.com

റിട്ടയേർഡ് ഹെഡ്മാസ്റ്റർ വാസുദേവൻ മാഷിന് എല്ലാ മാസവും ഒന്നാം തീയതി ഒരു പ്രത്യേക ശീലമുണ്ട്. അന്ന് പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ്, വിശാലമായൊന്നു മുറുക്കി തുപ്പി, ഉടുത്ത വെള്ളമുണ്ടിന്റെ അറ്റം കയ്യിൽ പിടിച്ച് ഗ്രാമത്തിലെ ആ പഴയ ക്ലോക്ക് റിപ്പയർ ഷോപ്പിലേക്ക് അദ്ദേഹം നടന്നു ചെല്ലും. ഷർട്ടിന്റെ പോക്കറ്റിൽ കിലുങ്ങിക്കൊണ്ട് ആ പഴയ ആന്റിക്ക് പോക്കറ്റ് വാച്ചും ഉണ്ടാകും. 

മരത്തടികൾ അടിച്ചുണ്ടാക്കിയ അര നൂറ്റാണ്ടിന്റെ പഴക്കമുള്ള ആ കട ആ ഗ്രാമത്തിന്റെ പല പ്രധാന സംഭവങ്ങളുടെയും മൂക സാക്ഷിയായിരിന്നു..ഒരു പക്ഷെ ഗ്രാമത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള കടയാവും അത്..

കടയ്ക്കുള്ളിൽ പല വലുപ്പത്തിലുള്ള പഴയ ക്ലോക്കുകൾ ചുവരിൽ തൂങ്ങിക്കിടന്നിരുന്നു. ചിലതിന്റെ സൂചികൾ നിലച്ചിരുന്നു, ചിലത് മാത്രം ഇപ്പോഴും ടിക് ടിക് ശബ്ദത്തോടെ സമയം എണ്ണിക്കൊണ്ടിരുന്നു. പഴയ എണ്ണയുടെയും ഇരുമ്പിന്റെയും മണം നിറഞ്ഞ ആ ചെറിയ മുറിയിൽ മാഷിന് എന്നും ഒരു പരിചിതമായ സമാധാനം തോന്നിയിരുന്നു.

മാഷിനെ ദൂരെ നിന്ന് കാണുമ്പോഴേ കടയുടമ അബ്ദു തേഞ്ഞ പല്ലുകൾ കാണിച്ച് ചിരിച്ചുകൊണ്ട് എഴുന്നേറ്റ് പുറത്തേക്ക് വരും.

കടയിലെത്തിയാൽ മാഷ് കാലങ്ങളായി ഇരുന്ന് തേഞ്ഞ ആ മരപ്പീഠത്തിലേക്ക് അമർന്നിരിക്കും. ഏറെകാലമായി സുഹൃത്തുക്കളായിരുന്ന ആ കിഴവന്മാർ ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിക്കും.അറിവിന്റെ കൂടാരമായ മാഷ് പറയുന്ന ഓരോ വാക്കുകളും നാലാം ക്ലാസ്സിൽ പഠനം നിർത്തിയ അബ്ദുക്ക സാകൂതം കേട്ടിരിക്കും.. അയാൾ ലോകമറിഞ്ഞതും ഇന്ത്യ പാകിസ്ഥാൻ യുദ്ധ കഥകൾ അറിയുന്നതുമൊക്കെ മാഷിലൂടെയാണ്.. ഒരുപാട് സംസാരങ്ങൾക്ക് ശേഷം മാഷ് ആ പോക്കറ്റിലെ വെള്ളി നിറം മങ്ങി തുടങ്ങിയ വാച്ചെടുത്ത് അബ്ദുവിന്റെ കയ്യിൽ കൊടുക്കും. അബ്ദു അത് വളരെ സൂക്ഷിച്ചു കയ്പ്പത്തിയിൽ എടുത്ത് ഒരു ചെറിയ സ്ക്രൂഡ്രൈവർ എടുത്ത് വാച്ചിന് പിറകിലെ തീരെ ചെറിയ നോബിൽ വെച്ച് തിരിക്കും..ആ നേരം രണ്ട് പേരും നിശബ്ദരായിരിക്കും.അതിൽ നിന്നും ഇമ്പമാർന്നൊരു പുല്ലാങ്കുഴൽ ഗീതം പതിയെ പതിയെ പുറത്തേക്ക് ഒഴുകും. പ്രകൃതിയാകെ തന്നെ നിശ്ചലമായി പോകും.വാഹനങ്ങളുടെ ശബ്ദങ്ങളും ആളുകളുടെ സംസാരവുമെല്ലാം ഏതോ ഗർത്തത്തിൽ മുങ്ങി പോയത് പോലെ തോന്നും..നാൽപ്പത്താറ് വർഷമായി ഈ ശീലം ആവർത്തിക്കുന്നതുകൊണ്ടാവണം, പ്രകൃതി പോലും ആ നിമിഷം നിശബ്ദമാകുന്നത്.

പൊടുന്നനെ പകുതിയിൽ വെച്ച് ആ സംഗീതം നിന്നുപോകും. കണ്ണുകളടച്ചിരിക്കുന്ന മാഷിൽ നിന്നും ഒരു നെടുവീർപ്പ് ഉയരും.

"ഇതാകെ പയകീക്കണ് മാഷേ.. ഈന് ഞ്ഞി പുത്യേ മെഷീനൊന്നും കിട്ടൂല്ല.. ഈന്റെ അകത്തെ ഗിയറും ആ ചെറ്യേ മ്യൂസിക് പ്ലേറ്റുമൊക്കെ പറ്റെ തേഞ്ഞ് പൊയ്ക്ക്‌ണ്.." വർഷങ്ങളായി ആവർത്തിക്കുന്ന കാര്യം അബ്ദു പിന്നെയും പറയും.

"അതൊന്നും വേണ്ട അബ്ദു.. ഇതുമാത്രം മതി. ഈ ജീവിതത്തിൽ, ജീവിതത്തോട് എനിക്ക് കൊതി തോന്നാൻ, അയാളെ മറവിയിലേക്ക് തള്ളിവിടാതിരിക്കാൻ.."

 മാഷ് സൗമ്യമായ ചിരിയോടെ പതിവ് മറുപടി തന്നെ കൊടുത്ത് കാണുന്നവരോടൊക്കെ കുശലം ചോദിച്ച് പതിയെ വീട്ടിലേക്ക് നടക്കും.

അന്നും ഇതുതന്നെയായിരുന്നു. പക്ഷേ അന്നെന്തോ മാഷിന്റെ ഓർമയിലേക്ക് പഴയതെല്ലാം ഒരു മലവെള്ളപ്പാച്ചിൽ പോലെ ഇരച്ചെത്തി.മനസ്സ് അരനൂറ്റാണ്ട് പുറകിലെ ആ കുന്നിൻ ചെരുവിലേക്ക് പോയി..

 അദ്ദേഹത്തിന്റെ നടത്തത്തിന്റെ വേഗത പതിവിലും കുറഞ്ഞു.

പതിനേഴ് വയസ്സായിരുന്നു വാസുദേവൻ മാഷിന് അന്ന്. പരിഷ്കാരങ്ങൾ അധികം എത്തിനോക്കാത്ത വയലുകളും കാപ്പി തോട്ടങ്ങളും നിറഞ്ഞ ആ മലയോര ഗ്രാമത്തിലെ ചെറിയൊരു പ്രമാണി തന്നെയായിരുന്നു വാസുവിന്റെ അച്ഛൻ ഗോപാലൻ. അച്ഛനും അമ്മയും ഒന്നര വയസ്സുള്ള അനിയത്തിയും ഒത്ത് കഴിഞ്ഞിരുന്ന ആ മലഞ്ചെരുവിലെ ഓടിട്ട വീട് അവനൊരു സ്വർഗം തന്നെയായിരുന്നു.

ആ ഇടക്കാണ് അവരുടെ വീട്ടിൽ ഒരാൾ കൂടെ എത്തിയത് 

'ജയൻ'

 ഉടുതുണിക്ക് മറുതുണിയില്ലാതെ എങ്ങ് നിന്നോ വന്ന് കവലയിലെ കടത്തിണ്ണയിൽ ഒരു പുല്ലാങ്കുഴലും മാറോടമർത്തി പിടിച്ച് കിടന്നുറങ്ങിയിരുന്ന ഒരു ഇരുപത്തൊന്നുകാരൻ..ഓമനത്തം മാറാത്ത മുഖം..

ആരുമില്ലാതെ തെണ്ടിത്തിരിഞ്ഞ് നടന്നിരുന്ന ജയനെ കണ്ടപ്പോൾ വാസുദേവന്റെ അച്ഛന് എവിടെയോ ഒരലിവ് തോന്നി തോട്ടത്തിലെ പണിക്ക് തന്റെ കൂടെ കൂട്ടി. പക്ഷെ ദിവസങ്ങൾ കഴിഞ്ഞ് കൂടവെ കേവലമൊരു ജോലിക്കാരനെക്കാൾ ആ കുടുംബത്തിലെ തന്നെ അംഗമായി അവൻ മാറുകയായിരുന്നു.അമ്മുവിന് ജയേട്ടനോട് വലിയ അടുപ്പമായിരുന്നു. വൈകുന്നേരം തോട്ടത്തിൽ നിന്ന് അവൻ തിരികെയെത്തുമ്പോൾ കുഞ്ഞ് അമ്മു വെറും രണ്ട് കൊച്ചരി പല്ലുള്ള മോണ കാട്ടി കൈ കൊട്ടി ചിരിക്കും..പലപ്പോഴും രാത്രികളിൽ ജയന്റെ നെഞ്ചിലെ ചൂടേറ്റാണ് അവൾ ഉറങ്ങുന്നത് പോലും.ഈ കാര്യവും പറഞ്ഞു പലപ്പോഴും വാസു ജയനോട് തമാശക്ക് പിണങ്ങിയിട്ടുണ്ട്..വാസു തന്നെയാണ് ആ പിണക്കം അവസാനിപ്പിക്കുകയും ചെയ്യുക. ഏറെ നേരമൊന്നും വാസുവിന് അവന്റെ ജയേട്ടനോട് മിണ്ടാതിരിക്കാൻ കഴിയില്ല..അച്ഛനും ജയനെ വിശ്വസമായിരുന്നു. വാസുവിനാണെങ്കിൽ ഒരു കൂട്ടുകാരനോടെന്ന പോലെ പറയാൻ കഴിയാത്ത പല കാര്യങ്ങളും പങ്കുവെക്കാവുന്ന ഒരു സഹോദരനായിരുന്നു അവൻ.

അമ്മക്കും അവൻ അടുക്കളയിൽ കയ്യാളായിരുന്നു.
"ങ്ങക്കൊന്നും ല്ല്യാത്ത സ്നേഹാ ന്റെ ജയന്"

അടുക്കള ഒതുക്കി വെക്കാൻ ജയൻ കൂടുന്ന ദിവസങ്ങളിൽ അച്ഛനും വാസുവും കേൾക്കെ ചുണ്ട് കോട്ടി അമ്മ പറയും..

മിടുക്കനായിരുന്നു ജയൻ. എന്ത് പറഞ്ഞാലും പെട്ടെന്ന് ഗ്രഹിച്ചെടുക്കും. ടോർച്ച്, ലാൻഡ്‌ഫോൺ, റേഡിയോ തുടങ്ങിയ സാധനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ റിപ്പയർ ചെയ്യും. വൈകുന്നേരങ്ങളിൽ കുന്നിന്റെ മുകളിലെ മഞ്ചാടി മരത്തിന്റെ കീഴിലിരുന്ന് മനോഹരമായി പുല്ലാങ്കുഴലൂതുമ്പോൾ വാസുവിന് ചുറ്റുമുള്ള ലോകം തന്നെ അവൻ മറന്നുപോകും. MT യുടെ 'നാലുകെട്ടും' OV വിജയന്റെ ഖസാക്കിന്റെ ഇതിഹാസ'വുമെല്ലാം അവനറിയാതെ തന്നെ മാറ്റി വെക്കും..

ആ ഈണത്തിന് എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു. സന്തോഷമുള്ള ദിവസങ്ങളിലും വിഷമമുള്ള ദിവസങ്ങളിലും ഒരുപോലെ ആശ്വാസം തരുന്ന ഒരു ശബ്ദം..

ചില രാത്രികളിൽ വാസു ഉറങ്ങാൻ കിടന്ന ശേഷവും ജയന്റെ മുറിയിൽ വെളിച്ചം കാണുമായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ അവൻ എന്തൊക്കെയോ കൂട്ടിച്ചേർക്കുകയും അഴിച്ചുമാറ്റുകയും ചെയ്യുന്നത് വാസു ദൂരെ നിന്ന് കണ്ടിട്ടുണ്ട്. “എന്താ ജയേട്ടാ?” എന്ന് ചോദിച്ചാൽ അവൻ ചിരിച്ചുകൊണ്ട്, “നിനക്കൊരു പിറന്നാൾ സമ്മാനമുണ്ട്, പക്ഷേ ഇപ്പോ പറഞ്ഞാൽ അതിന്റെ രസം പോകും,” അതായിരിക്കും ജയന്റെ മറുപടി.

അന്നും എല്ലാം പതിവ് പോലെ ആയിരുന്നു.. അല്ല.. അന്നായിരുന്നു വാസുവിന്റെ പിറന്നാൾ..

ഇടമുറിയാതെ മഴ പെയ്ത രണ്ട് ദിവസത്തിന് ശേഷം മഴയ്ക്ക് ചെറിയൊരു ഇടവേള കണ്ടപ്പോൾ കുന്നിന്റെ മുകളിലേക്ക് പോയതായിരുന്നു രണ്ടുപേരും.മഞ്ചാടി മുത്തുകൾ നനഞ്ഞു നനഞ്ഞു കുതിർന്ന മണ്ണിൽ രക്തത്തുള്ളികൾ പോലെ ചിതറി കിടന്നിരുന്നു.

മരത്തിന്റെ താഴെ ഇരുന്ന ജയൻ വാസുവിന് ഒരു സാധനം കാണിച്ചുകൊടുത്തു.

"വാസൂ.. ഇത് നോക്ക്യേ.. ഞാൻ ണ്ടാക്ക്യേതാ.." ഇത്തിരി ചമ്മലോടെ ജയൻ കയ്യിലിരുന്ന വാച്ച് വാസുവിനെ കാണിച്ചു. വാസുദേവന്റെ കണ്ണുകൾ വിടർന്നു.

വെള്ളി നിറത്തിൽ ആവരണം ചെയ്ത ഒരു മനോഹരമായ ആന്റിക് വാച്ച്..
"ഇത് ജയേട്ടൻ ണ്ടാക്ക്യേതാ..? വെറുതെ പറയല്ലേ?"

"അല്ലാന്നേ, സത്യം. വാസുവിന് വേറൊരൂട്ടം കൂടെ കാണിച്ചു തരണോ?" 

ജയൻ ആ വാച്ച് വാങ്ങി ഏതോ ഒരു നോബ് കറക്കി. അതാ, അതിൽ നിന്ന് വാസുവിന് ഏറ്റവും ഇഷ്ടമുള്ള പുല്ലാങ്കുഴൽ ഗീതം ഉയർന്ന് കേൾക്കുന്നു.

"ഹിതെങ്ങനെ!?" ആശ്ചര്യവും സന്തോഷവും അലതല്ലിയ മുഖത്തോടെ വാസു ജയനെ നോക്കി. അവൻ കണ്ണിറുക്കി ചിരിച്ചു.

"ന്റെ വാസൂന് പിറന്നാൾ സമ്മാനായിട്ട് തെരാൻ ന്റെ കയ്യിൽ ഇതേ ഒള്ളു.."

ജയൻ പറഞ്ഞു നിർത്തിയപ്പോഴേക്കും വാസുദേവൻ അവനെ ആഞ്ഞു പുണർന്നിരുന്നു.. രണ്ട് പേരും കുറച്ചു നേരം നിശബ്ദമായി അതെ നിർത്തം നിന്നു.

അവൻ പിന്നെയും ആ നോബ് കറക്കി.

വാസുവിനാണെങ്കിൽ അത് കണ്ടിട്ടും കേട്ടിട്ടും മതിയാകുന്നുണ്ടായിരുന്നില്ല.

പക്ഷെ, ആ സന്തോഷനിമിഷങ്ങൾക്ക് നീർക്കുമിളകളെ പോലെ അല്പയുസ്സേ ഉണ്ടായിരുന്നുള്ളു..മഴ നിന്നെങ്കിലും ചുറ്റുപാടിന് ഒരു വിചിത്രമായ നിശ്ശബ്ദതയായിരുന്നു. മഞ്ചാടി മരത്തിന്റെ ഇലകളിൽ നിന്ന് വെള്ളത്തുള്ളികൾ മാത്രം താഴേക്ക് വീണുകൊണ്ടിരുന്നു. പെട്ടെന്ന് കാറ്റിന്റെ ദിശ മാറി. ദൂരെയുള്ള മലയിൽ നിന്ന് എന്തോ വലിയൊരു മുഴക്കം കേട്ടതുപോലെ ജയൻ ഒരു നിമിഷം നിശ്ചലമായി നിന്നു. പിന്നെ വാസുവിന്റെ കൈപിടിച്ച്, “വാ, താഴേക്ക് പോകാം,” എന്ന് പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് വാസുവിന് മനസ്സിലായില്ല.പെട്ടന്ന് ആകാശം കറുത്തിരുണ്ടു. വാരിയെറിഞ്ഞത് പോലെ മഴത്തുള്ളികൾ അവരുടെ ശരീരത്തിലേക്ക് പതിച്ചു.

"വാസു, ആ വാച്ച് പോക്കറ്റിലിട്ട് ഓടിക്കോ!" 

തലയിൽ കൈവെച്ച് വേഗതയാർന്ന നടത്തത്തോടെ ജയൻ പറഞ്ഞു. വാസു ഓടി, ജയന്റെ നടത്തവും ഓട്ടമായി.

അവർ ഏകദേശം വീടിനടുത്തെത്തിയിരുന്നു. പൊടുന്നനെ ഭൂമി ആകെ ഒന്ന് വിറച്ചത് പോലെ തോന്നി അവർക്ക്.തൊട്ടു പിന്നിൽ ഭയാനകമായ ശബ്ദത്തോടെ പാറകൾ ഉരുണ്ട് വരുന്ന പോലെ ഉള്ളൊരു ശബ്ദവും. അവർ തിരിഞ്ഞു നോക്കി.

നടുങ്ങിപ്പോയി അവർ.. കുന്നിടിയുകയാണ് കൂടെ ഉരുൾപൊട്ടലും..

തൊട്ടിലിൽ കിടന്നുറങ്ങുന്ന അനിയത്തിയും, റൂമിലിരുന്ന് ചോറ് കഴിക്കുന്ന അച്ഛനും, അടുക്കളയിലെ അമ്മയും ഉള്ള വാസുദേവന്റെ ആ കൊച്ചുസ്വർഗം ഉരുണ്ട് വന്ന പാറകളിലും ചളിയിലും പുതഞ്ഞു. കൺമുന്നിൽ തന്നെ വീട് ഞെരിഞ്ഞമരുന്നത് കണ്ട് അലറി വിളിക്കാൻ പോലും മറന്ന് വാസു നിന്നു.

"വാസൂ!" 

പൊടുന്നനെ ജയൻ ഒരറ്റു തള്ള് തള്ളി വാസുവിനെ. അവൻ തെറിച്ചുവീണു. വീണുകിടക്കുന്ന ജയന്റെ മുകളിലൂടെ ഉരുണ്ടുവരുന്ന പാറക്കല്ലും മരങ്ങളും മണ്ണും വന്ന് പൊതിയുന്നത് കാണുമ്പോഴേക്കും വാസുവിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു.

ബോധം തിരികെ കിട്ടിയപ്പോൾ ചുറ്റും ആളുകളുടെ നിലവിളിയായിരുന്നു. തന്റെ വീട് നിന്നിരുന്ന സ്ഥലത്തേക്ക് നോക്കിയ വാസുവിന് ഒന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല. ചെളിയും പാറകളും മാത്രം. സ്വന്തം പോക്കറ്റിലേക്ക് കൈ നീട്ടിയപ്പോൾ വിരലിൽ ആ വാച്ച് തട്ടി. അതായിരുന്നു അവന്റെ കൈയിൽ ശേഷിച്ചിരുന്ന ഏക ഓർമ്മ..

അന്നത്തെ ആ കറുത്ത സന്ധ്യയുടെ ഓർമ്മയിൽ മാഷൊന്ന് വെട്ടിവിറച്ചു. അമ്മയും അച്ഛനും അമ്മുവും സഹോദരനെ പോലെ കണ്ട് സ്നേഹിച്ച ജയേട്ടനും ഉൾപ്പെടെ അന്ന് എത്ര പേരെയാണ് ആ ഉരുൾ എടുത്തത്? മാഷിൽ നിന്നൊരു ദീർഘനിശ്വാസമുതിർന്നു. അന്ന് അവരുടെ ഓർമയായി ആകെ അവശേഷിച്ചത് മാഷിന്റെ കയ്യിലെ ആ വാച്ച് മാത്രമായിരുന്നു. അന്ന് പകുതിക്ക് വെച്ച് നിന്നുപോയതാണ് ആ സംഗീതം. പിന്നീട് അത് ഒരിക്കലും പൂർണമായില്ല.

രണ്ട് മാസത്തിന് ശേഷമുള്ള ഒരു ഒന്നാം തീയതി വൈകുന്നേരം പതിവുപോലെ മാഷ് വാച്ചെടുത്ത് അബ്ദുവിന്റെ കടയിലേക്ക് നടന്നു. അന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു അവിടെ.

"മാഷേ, ഇത് ന്റെ പേരക്കുട്ട്യാ... അമീറ്.. ന്റെ ഇളേ പെണ്ണ് സുഹറല്ലേ? ഓള്ടെ മോനാ. അങ്ങ് ബാംഗ്ലൂരിലായിരുന്നു. ഇപ്പൊ ലീവായപ്പോ ഉപ്പുപ്പാനെ കാണാൻ വന്നതാ ന്റെ കുട്ടി,"

 വാത്സല്യത്തോടെ അബ്ദു അമീറിനെ പരിചയപ്പെടുത്തി.

"അഹാ, സുഖമല്ലേ മോനേ? പഠിപ്പൊക്കെ എങ്ങനെ പോകുന്നു?"

 മാഷ് അവനോട് കുശലം ചോദിച്ചുകൊണ്ട് വാച്ച് പോക്കറ്റിൽ നിന്ന് എടുത്ത് അബ്ദുവിന് കൊടുത്തു. പഴയ സാധനങ്ങളോട് അമീറിന് ചെറുപ്പം മുതലേ ഒരു പ്രത്യേക കൗതുകമുണ്ടായിരുന്നു. ഉപ്പൂപ്പാന്റെ കടയിൽ കിടക്കുന്ന പഴയ ക്ലോക്കുകൾ പോലും അവൻ മണിക്കൂറുകളോളം നോക്കിയിരിക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വാച്ച് മാഷിന്റെ കയ്യിലെ ആ വാച്ച് കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ ഒരു കുട്ടിയുടെ കൗതുകം തെളിഞ്ഞു.

"മാഷേ.. ഞാൻ അതൊന്ന് നോക്കട്ടെ..??

അവൻ മാഷിനോട് അനുവാദം ചോദിച്ചു.. അയാൾ ആ വാച്ച് അവന്റെ കയ്യിൽ കൊടുത്തു.

"ഇതൊരു റെയർ മോഡലാണല്ലോ.."

അവൻ അത്ഭുതത്തോടെ മാഷിനെ നോക്കി 

"ആണോ? ഇത് മാഷിന്റെ കയ്യില്ള്ളതാ മോനേ.. കുറെ കാലായി പകുതിയായി പോയൊരു പാട്ടുണ്ട് ഇതിൽ.. ഞാൻ കൊറേ നോക്കി നന്നാക്കാൻ.. ന്നെ കൊണ്ട് പറ്റണ്ടേ.." അബ്ദു തന്റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തി.

അമീർ വാച്ച് തിരിച്ചും മറിച്ചും നോക്കി. അതിന്റെ പഴക്കം അവനെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു. ഒരു സാധാരണ വാച്ചിനോടുള്ള കൗതുകമായിരുന്നില്ല അവന്റെ കണ്ണുകളിൽ. കോളേജിൽ തന്റെ ഫേവറൈറ്റ് പ്രൊഫസറുടെ ശേഖരത്തിൽ കണ്ട അപൂർവമായ ഒരു വാച്ചിന്റെ അതേ മോഡൽ അടുത്ത് കാണാൻ കിട്ടിയതിന്റെ ആവേശമായിരുന്നു .ഇങ്ങനെ ഒരു നാട്ടിൻപുറത്ത് ഇത് പോലൊരു മികച്ച വാച്ച് കാണാൻ കിട്ടുമെന്ന് അവന്റെ വിദൂരസ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.

"മാഷേ.. ഇത് ഞാൻ ശരിയാക്കി തരാം.. ഇതിന്റെ തുരുമ്പിച്ച പാർട്സ് 3D പ്രിന്റിംഗ് വഴി റെഡിയാക്കി എടുക്കാം. അപ്പോ ഇതിലെ പാട്ട് മുഴുവനായി കേൾക്കാൻ പറ്റും," അമീർ പറഞ്ഞു.

മാഷ് ഒട്ടുനേരം മിണ്ടാതിരുന്നു. വിരലുകൾ ആ വാച്ചിന്മേൽ മുറുകി. ഇത്രയും വർഷത്തിനിടയിൽ ആദ്യമായാണ് ആരെങ്കിലും ആ പാട്ട് പൂർണ്ണമാക്കാമെന്ന് പറയുന്നത്. പക്ഷേ, ആ വാക്കുകൾ കേട്ടപ്പോൾ സന്തോഷത്തേക്കാൾ ആദ്യം അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഓടിയെത്തിയത് ഒരു കുന്നിൻചെരുവും മഞ്ചാടി മരവും ഒരു സൗമ്യമായ ചിരിയുമായിരുന്നു.

ആ സമയം അമീർ തന്റെ പാഠപുസ്തകത്തിൽ ഉദാഹരണമായി കൊടുത്ത ആ വാച്ചിനെ സാകൂതം നിരീക്ഷിക്കുകയായിരുന്നു. തെല്ലിട നേരത്തിന് ശേഷം മാഷ് മുഖമുയർത്തി.

"വേണ്ട മോനെ.."

 മാഷിന്റെ സ്വരം നേർത്തു.

 "ചിലത് അപൂർണ്ണമായിരിക്കലാണ് അതിന്റെ ഭംഗി..പൂർണമായത് പതിയെ പതിയെ മറവിയിലേക്ക് പോകും. മുഴുവനായ ഒന്നിനെക്കാൾ പകുതിക്ക് വെച്ച് നിന്നുപോയ കാര്യങ്ങളാവും പലപ്പോഴും നമ്മുടെ ഓർമ്മകളിൽ തങ്ങി നിൽക്കുക. ഇത് മുഴോനും കേട്ടാൽ ഞാനെങ്ങാനും മറന്നു പോയാലോ..? 

ശരിയാ.. പല 'ഓർമ്മകൾക്കും മരണമില്ല'.. മരിക്കാത്ത.. മറക്കാത്ത ഓർമകളിൽ ഇത് ചേർത്തു വെക്കാനാ എനിക്കിഷ്ടം.."

മാഷ് പറഞ്ഞു നിർത്തി.

അവർ രണ്ടു പേരും പിന്നീട് ഒന്നും മിണ്ടിയില്ല.

കടയിൽ സാന്ദ്രമായൊരു മൗനം പടർന്നു.

അബ്ദു സ്ക്രൂ എടുത്ത് വാച്ചിന്റെ പിന്നിൽ തിരിച്ചു. ഹൃദയം നിറക്കുന്ന.. ആത്മാവിനെ തൊട്ടുണർത്തുന്ന രീതിയിലൊരു പുല്ലാങ്കുഴൽ നാദം അവിടെ പരന്നൊഴുകി.. പിന്നീടത് പകുതിയിൽ നിശബ്ദമായി. കണ്ണടച്ചിരുന്ന് കേട്ടിരുന്ന മാഷിന്റെ മനസ്സിലപ്പോൾ മഞ്ചാടി മരത്തിന്റെ കീഴിലിരുന്ന് ജയേട്ടൻ ആ പുല്ലാങ്കുഴൽ ഗീതം മുഴുവനാക്കുന്നുണ്ടായിരുന്നു..

എഴുത്തുകാരിയുടെ കുറിപ്പ്:

ഈ കഥ ഒരു സാങ്കൽപ്പിക കഥയല്ല. 1924-ൽ (മലയാള വർഷം 1099) കേരളത്തിൽ ഉണ്ടായ മഹാ പ്രളയത്തിന്റെ, അതായത് 99-ലെ വെള്ളപ്പൊക്കത്തിന്റെ കാലഘട്ടത്തിൽ തിരൂരിന്റെ മലയോര മേഖലയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ കഥ എഴുതിയിരിക്കുന്നത്.

അന്ന് വയനാടും കോഴിക്കോടും മലപ്പുറവും ഉൾപ്പെടുന്ന മലബാർ മേഖല പൂർണമായും ഒറ്റപ്പെടുകയും, നിരവധി പാലങ്ങളും റോഡുകളും ഒലിച്ചു പോവുകയും ചെയ്തിരുന്നു എന്ന് ചരിത്ര രേഖകളിൽ പറയുന്നു. ആ ദുരന്തകാലത്ത്, എന്റെ ഉപ്പപ്പ പറഞ്ഞു കേട്ട, അദ്ദേഹത്തിന്റെ സുഹൃത്തിനെ കുറിച്ചുള്ള ഓർമ്മയാണിത്.

കഥാപാത്രങ്ങളുടെ പേര് മാറ്റിയിട്ടുണ്ടെങ്കിലും, സംഭവവും സ്ഥലവും (തിരൂർ) സത്യമാണ്.

.    .    .