കുഞ്ഞോള ആയിരം
കാവ്യമായൊഴുകുന്ന
നിളയുടെ തീരത്തിലൂടെ
മാമാങ്കയോർമ്മയിൽ
പുളകം പുതയ്ക്കുന്ന
നിളയുടെ
പഞ്ചാര മണലിലൂടെ
നേരിന്റെ, നന്മയുടെ
പൈതൃകത്തണലിലൂടെ
തൂലികയുടവാളാക്കിയ
പുണ്യ പിതാമഹരിലൂടെ
ശാരികപ്പെണ്ണിനെ
മടിയിലിരുത്തിയ
തുഞ്ചന്‍റെ
മൊഴികളിലൂടെ
ഞാറ്റ് പാട്ടിന്റെ ഈണം
നാണം കൊരുത്തൊരു
വയൽ കാറ്റ്
വഴികളിലൂടെ
കാവിലെ പള്ളിവാൾ
ഒച്ചയിൽ ആത്മാവ്
ചേര്‍ത്തുവെയ്ക്കും
നടയിലൂടെ
പുഴകളെ
മക്കളെപ്പോലെ
നെഞ്ചേറ്റുന്ന
വാത്സല്യവാരിധിയിലൂടെ
പൂനിലാവിറ്റിറ്റുവീഴുന്ന
ഭൂവിലെ
പൂക്കൈതയിടവഴിയിലൂടെ
ശക്തമായ മഴ പെയ്തു
നവരസം ചൂടുന്ന
ഭാവവനങ്ങളിലൂടെ
അലസം വിരിച്ചിട്ട
വെള്ളിമേഘങ്ങള്‍തന്‍
അഴകെഴും
സാനുവിലൂടെ
സഹ്യന്‍റെ മാറിലെ
ഹരിതാഭയേറുന്ന
സൗന്ദര്യതീരത്തിലൂടെ
മമ ജന്മപുണ്യത്തിൻ
സാഫല്യമോടെ
കടലാഴ,മുണ്മതന്‍
നാവേറുപാട്ടിലെ
ഉടലാഴം തേടിയൊരുയാത്ര!
. . .